കാലാവര്‍ഷം എത്താറായി കന്നുകാലികളിലെ മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാം

Estimated read time 0 min read
Spread the love

കന്നുകാലികളുടെ ശാസ്ത്രീയ പരിചരണത്തിനും ആരോഗ്യ സംരക്ഷണത്തിനും രോഗപ്രതിരോധനത്തിനും, അതിലൂടെയുള്ള ഉല്‍പ്പാദന വര്‍ധനവിനുമെല്ലാം ശാസ്ത്രീയമായ തൊഴുത്തു ശുചീകരണം അത്യന്താപേക്ഷിതമാണെന്ന് എടുത്തു പറയേണ്ടതില്ലല്ലോ? പ്രത്യേകിച്ചും മഴക്കാലത്ത് അന്തരീക്ഷ ഊഷ്മാവ് വളരെ താഴുകയും ഈര്‍പ്പം വര്‍ദ്ധിക്കുകയും ചെയ്യുന്നതിനാല്‍ കാലി തൊഴുത്തുകളില്‍ രോഗകാരികളായ സൂക്ഷ്മജീവികള്‍ പെരുകുന്ന സാഹചര്യത്തില്‍ വൃത്തിയാക്കലും അണുവിമുക്തമാക്കലും ചേര്‍ന്നതാണ് തൊഴുത്ത് ശുചീകരണം.

ശാസ്ത്രീയമായ തൊഴുത്ത് ശുചീകരണത്തിന്റെ പ്രയോജനങ്ങള്‍

തൊഴുത്തില്‍ കാണപ്പെടുന്ന രോഗകാരികളായ സൂക്ഷ്മജീവികളെ നശിപ്പിക്കാനും രോഗങ്ങള്‍ തടയാനും സാധിക്കും. പാലും പാലുല്‍പ്പന്നങ്ങളും പെട്ടെന്ന് കേടാക്കുന്നതും, പാലിലൂടെ പലതരം രോഗങ്ങള്‍ മനുഷ്യരിലേക്ക് പകരുന്നത് തടയാനും സാധിക്കും. കൊതുക്, ഈച്ച, പട്ടുണ്ണി, പലതരം പ്രാണികള്‍ എന്നിവയെ നശിപ്പിക്കാനും പെരുകുന്നത് തടയാനുമാകും. കന്നുകാലികളുടെ ആരോഗ്യ സംരക്ഷണത്തിന് തൊഴുത്തിലെ ദുര്‍ഗന്ധവും അകറ്റാന്‍ സൂര്യപ്രകാശം പ്രകൃതിദത്തമായും ഏറ്റവും ഫലപ്രദവുമായ അണുനാശിനിയാണ് എങ്കിലും മഴക്കാലത്ത് അതിന്റെ ലഭ്യത കുറവായതിനാല്‍ ,ശുചീകരണത്തിന് മറ്റു രാസവസ്തുക്കളെ ആശ്രയിക്കേണ്ടി വരുന്നു. ബാഹ്യ പരാദങ്ങള്‍ക്കെതിരായ മരുന്നുകള്‍ ആഴ്ചയിലൊരിക്കല്‍ തൊഴുത്തില്‍ തളിക്കണം. ഡി. ഡി.റ്റി. മലാത്തിയോണ്‍, ഗാമാ ഹെക്‌സേന്‍ ,സുമിത്തിയോണ്‍ തുടങ്ങിയവയാണ് സാധാരണ ഉപയോഗിക്കുന്നത്. വിഷകരമായ വസ്തുക്കള്‍ ആയതു കൊണ്ടു തന്നെ വളരെ ശ്രദ്ധയോടു കൂടി ഉപയോഗിച്ചില്ലെങ്കില്‍ അത് പാലിനെയും ജലസ്‌ത്രോതസ്സിനെയും വിഷമയമാക്കുവാനും പാലില്‍ ദുര്‍ഗന്ധത്തിനും സാധ്യതയുണ്ട്.

ചെയ്യേണ്ട വിധം

ആദ്യപടിയായി തൊഴുത്തില്‍ നിന്ന് റബ്ബര്‍ പായ നീക്കി, ചാണകവും പുല്‍ത്തൊട്ടികളില്‍ നിന്ന് തീറ്റയുടെ അവശിഷ്ടങ്ങളും എടുത്തു മാറ്റി ,ശുദ്ധജലം ഉപയോഗിച്ച് തൊഴുത്ത് കഴുകുക. ശരിയായ അനുപാതത്തില്‍ മാത്രം അണുനാശിനികളുപയോഗിച്ച് തൊഴുത്തും ഭിത്തിയും ഓടകളും ശുചിയാക്കുക. വെള്ളപ്പാത്രം ബ്രഷുപയോഗിച്ച് ശുദ്ധജലത്തില്‍ കഴുകുക. ആഴ്ചയിലൊരിക്കല്‍ കുമ്മായ മിശ്രിതം പൂശുന്നത് നന്ന്. ചുമരുകളിലും തൂണുകളിലും നിന്ന് ചാണകവും മറ്റ് അഴുക്കുകളും ഉരച്ച് കളഞ്ഞ് കഴുകുകയും ചിലന്തിവലകള്‍ നീക്കം ചെയ്യുകയും വേണം. ബീച്ചിംഗ് പൗഡര്‍, ഫിനോള്‍ ( 12 %) സോഡിയം കാര്‍ബണേറ്റ് (4%) എന്നിവ തളിക്കാവുന്നതാണ്. ബാഹ്യ പരാദങ്ങള്‍ക്കെതിരായ മരുന്ന് ചേര്‍ത്ത് തൊഴുത്തിന്റെ ഭിത്തികള്‍ വെള്ളപൂശാം. അണുനാശിനികളും ഡിറ്റര്‍ജെന്റുകളുമുപയോഗിച്ച് ദിവസേന തൊഴുത്ത് വൃത്തിയാക്കിയാല്‍ തൊഴുത്തിലെ ദുര്‍ഗന്ധവും അകറ്റാന്‍ സാധിക്കും. ചുരുക്കത്തില്‍ എല്ലാ അണുനാശിനികളും എല്ലാ സ്ഥലങ്ങളിലും സാഹചര്യങ്ങളിലും ഒരുപോലെ ഫലപ്രദമാകണമെന്നില്ല. എന്നാല്‍ ശരിയായ അളവിലും അനുപാതത്തിലും അവ ഉപയോഗിച്ച് കൃത്യമായ ഇടവേളകളില്‍ ശുചീകരണം നടത്തുന്നത് മഴക്കാലത്തെ രോഗ സാധ്യത കുറയ്ക്കുകയും അതോടൊപ്പം ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

You May Also Like

More From Author

51Comments

Add yours

+ Leave a Comment