മഴക്കാലത്ത് തകര കഴിക്കാം; ത്വക്ക് രോഗങ്ങളെ അകറ്റാം

Estimated read time 1 min read
Spread the love

ഇന്ത്യയിൽ എല്ലാ ഭാഗത്തും പ്രധാനമായും കേരളത്തിൽ സർവസാധാരണമായി  കാണുന്ന ഒരു സസ്യമാണ് തകര ഇതിന് വട്ടത്തകര എന്നും പേരുണ്ട്. നമ്മുടെ നാട്ടിൽ പറമ്പിലും പാതയോരത്തും മഴക്കാലത്ത് മുളച്ചുപൊന്തുന്ന ഇതിന്റെ ഔഷധഗുണം പഴമക്കാർക്ക് നന്നായി അറിയാമായിരുന്നു. അതുകൊണ്ടുതന്നെ അവർ ഇത് മഴക്കാലത്ത് വ്യാപകമായി ഉപ്പേരിയായും കറിയായും ഉപയോഗിച്ചു. നമ്മടെ നാടൻ പാട്ടിലും കഥളിലും തകരയെന്ന തവരയെക്കുറിച്ച് തവരപ്പാട്ട,് തവര പുരാണം എന്നിങ്ങനെ പരാമർശിക്കുന്നുണ്ട്.

ഇംഗ്‌ളീഷിൽ റിങ് വോം പ്ലാന്റ് , സിക്കിൾ സെന്ന, ടോവര എന്നെല്ലാം പറയപ്പെടുന്നു. തമിഴർക്ക് തഗരൈ, ഊശിത്തഗരൈ എന്നിങ്ങനെയും സംസ്‌കൃതത്തിൽ ചക്രമർദ, പ്രപൂന്നടം, ദദ്രൂഘ്‌നം, എന്നിങ്ങനെ ഒരു ഡസനോളം പേരുകളുമുണ്ട്. മറാത്തിയിൽ തഗരിസൈ, ബംഗാളിയിൽ ചാവുകെ എന്നിങ്ങനെയെല്ലാംപേരുള്ള തകര, സിസാൽപിനിയേസിയേ കുടുംബത്തിലെ അംഗമാണ് ശാസ്ത്രീയനാമം  കാസിയ ടോറ ലിൻ, കാസിയ ബോറേൻസിസ് മിക്വ ്, കാസിയ ന്യുമിലിസ് കൊളാഡ് എന്നിങ്ങനെയാണ്. ഇതിൽ നമ്മുടെ നാട്ടിൽ വ്യാപകമായി കാണപ്പെടുന്നയിനം കാസിയ ടോറ ലിൻ ആണ്.

മഴക്കാലമാണ് ഇതിന്റെ ഹരിതകാലം. നന്നായി മഴ ലഭിക്കുന്ന ലോകത്തിന്റെ എല്ലാഭാഗത്തും ഇത് നന്നായി വളർന്നുവരുന്നു. മിക്ക ഏഷ്യൻ രാജ്യങ്ങളിലും ആഫ്രിക്കയിലും തെക്കേ അമേരിക്കയിലും കണ്ടുവരുന്ന തകര മഴക്കാലത്തിനു ശേഷം ഉണങ്ങി നശിക്കുമെങ്കിലും അത് നിലത്ത് ഉപേക്ഷിക്കുന്ന വിത്തുകൾ പുതുമഴയോടെ മുളയ്ക്കും. ഏകദേശം ഒരു മീറ്ററോളം ഉയരംവെക്കുന്ന ചെടിയിൽ നിറയെ പച്ചയും ഇളം പച്ചയും കലർന്ന ഇലകളുണ്ടാകും. ഇലകൾ വിന്യസിച്ചിരിക്കുന്നത് ഏകാന്തര ക്രമത്തിലാണ്. ആദ്യം മുളയ്ക്കുന്ന ഇലകൾ താരതമേ്യന ചെറുതായിരിക്കും. കൈയിലിട്ടുരച്ചു നോക്കിയാൽ രൂക്ഷഗന്ധമാണുണ്ടാവുക.

നല്ല മഞ്ഞനിറത്തിലുള്ള പൂവുകളാണ് തകരയ്ക്ക് ഉണ്ടാവുക. മങ്ങിയനിറത്തിലുള്ളതും കണ്ടുവരുന്നു. കായകൾ നേർത്തുമെലിഞ്ഞ് 10-12 സെന്റീമീറ്റർ നീളമുണ്ടാകും. പോഡിനുള്ളിൽ 20-25 വിത്തുകൾ കാണും. വിത്തുകൾക്ക് തവിട്ടുകറർന്ന കറുപ്പു നിറമായിരിക്കും്.   ജൂൺ, ജൂലായ് മാസങ്ങളിൽ മുളച്ചുപൊന്തുന്ന ഇവ നവംബർ മാസത്തോടെ  വിത്തായി ജനുവരി ഫിബ്രവരിയാകുമ്പോഴേക്കും നശിച്ചുപോവും.

ഒട്ടേറെ രാജ്യങ്ങളിൽ ലോകവ്യാപകമായി ഉപയോഗിച്ചുവരുന്ന ഒരു ചെടിയാണ് തകര. ചൈനയിലും ആഫ്രിക്കൻ അമേരിക്കൻ രാജ്യങ്ങളിലും ത്വക് രോഗത്തിനുള്ള മരുന്നായും മലബന്ധം നീക്കാനുള്ള ഔഷധമായും ഇത് വ്യാപകമായി പുരാതനകാലം മുതലേ ഉപയോഗിച്ചുവരുന്നു. വിരകൾക്കുള്ള മരുന്നുകളിൽ അലോപ്പതിയിലും ഇതിന്റെ വിത്തിന്റെ സാന്നിധ്യമുണ്ട്. മികച്ച ഒരു  ആന്റിപരാസിറ്റിക് ആണിത്. ആന്റി ഓക്‌സിഡന്റ് ആയും. ലാകേ്‌സറ്റീവ് ആയും, വെർമിഫ്യൂജ് ആയും ഇത് അലോപ്പതിയിൽ ഉപയോഗിക്കുന്നു. ഇതിന്റെ വേര് നല്ല ആന്റിസെപ്റ്റിക് ഗുണമുള്ളതാണ്. അലോ ഇമോൾഡിൻ, ക്രൈസോഫനോൾ, കാഥർടെയ്ൻ, കാത്‌സ്യം, ഇരുമ്പ്, ഫോസ് ഫറസ് , ബീറ്റാ സിറ്റോസ്റ്റിറോൾ, ഇമോഡിൻ, റുബ്രോഫുസാരിൻ,  സ്റ്റിഗ്മാസ്റ്റിറോൾ, ടാർടാറിക് ആസിഡ് എന്നിങ്ങനെ തുടങ്ങി ഒട്ടേറെ രാസ സംയുക്തങ്ങളാൽ അനുഗൃഹീതമാണ് നമ്മുടെ തകര.

ആയുർവേദത്തിൽ ചർമരോഗം, പിത്തം, കഫം, വാതം, വിഷം, കൃമി, തലയ്ക്കുണ്ടാകുന്ന അസുഖങ്ങൾ, രക്തദോഷം എന്നിവയ്ക്ക് തകര  സമൂലം ഉപയോഗിക്കുന്നു. പാമാകുഷ്ഠം, സിദ്ധമകുഷ്ഠം, പുഴുക്കടി, എന്നിവ ശമിപ്പിക്കാൻ ഇതിന്റെ വിത്ത് അരച്ച് ലേപനം ചെയ്യാറുണ്ട്. ദുർഗന്ധം വമിക്കുന്ന വൃണങ്ങൾ ശമിപ്പിക്കാൻ തകരയില ആവണക്കെണ്ണയിൽ അരച്ച് പുരട്ടാറുണ്ട്. ശ്വാസകോശരോഗങ്ങൾക്ക് തകരയിലയുടെ നീര് തേനിൽ ചേർത്ത് കഴിക്കുന്നത് ഫലപ്രദമാണ. വയറുവേദനയ്ക്ക് തകരയില ഉണക്കിപ്പൊടിച്ചു കഴിക്കുന്നതും. മലബന്ധത്തിന് തകരയിലക്കഷായം കഴിക്കുന്നതും രോഗശമനമുണ്ടാക്കും.

പാമ്പുകടിയേറ്റാൽ വിഷം ശമിപ്പിക്കാൻ തകരയുടെ വേര് അരച്ചു പുരട്ടാറുണ്ട്. ശ്വാസംമുട്ടിനും ചുമയ്ക്കും നല്ല മരുന്നാണ് ഇതിന്റെ ഇലയുടെ നീര്. നിംബാദിചൂർണം, കാസിസാദി ഘൃതം, മഹാവിഷഗർഭതൈലം എന്നിങ്ങനെ ഒട്ടേറെ ആയുർവേദമരുന്നുകളിൽ തകര സമൂലം ഉപയോഗിക്കുന്നു.

കരളിനെയും, കണ്ണിനെയും ത്വക്കിനെയും  സംരക്ഷിക്കാനും തലവേദനയെയും രക്താദിമർദത്തെയും മലബന്ധത്തെയും വിട്ടുമാറാത്തചൊറിയെയും അകറ്റാനും ഉപയോഗിക്കുന്ന,  അങ്ങനെ നമ്മുടെ ശരീരത്തിനാവശ്യമായ പല ഔഷധങ്ങളും പ്രധാനം ചെയ്യുന്ന തകരയെ ഈ മഴമാസങ്ങളിൽ നാം മറക്കരുത് . ഉപ്പേരിയായും കറിയായും തകരവടയായും നമുക്ക് ഈ ഔഷധത്തെ അകത്താക്കാം.

You May Also Like

More From Author

29Comments

Add yours

+ Leave a Comment