എന്താണ് പക്ഷിപ്പനി? വീട്ടില്‍ വളര്‍ത്തുന്നവയെ കൊല്ലേണ്ടതുണ്ടോ

Estimated read time 1 min read
Spread the love

ഹൈലി പാതോജനിക് ഏവിയന്‍ ഇന്‍ഫ്ലുവന്‍സ (പക്ഷിപ്പനി) എന്നത് പക്ഷികളെയും ചില മൃഗങ്ങളെയും, അപൂര്‍വമാ‍യി മനുഷ്യനെയും ബാ‍ധിക്കുന്ന ഒരു വൈറസ് രോഗമാണ്. സര്‍വ്വ സാധാരണയായി കാണുന്ന ജലദോഷ വൈറസായ ഇന്‍ഫ്ലുവെന്‍സാ (influenza) വൈറസിന്റെ അനേകം ബന്ധുക്കളില്‍ ചിലതാണ് പക്ഷിപ്പനി വൈറസുകള്‍ (avian influenza).

മനുഷ്യരെപ്പോലെ പക്ഷികള്‍ക്കും പനി വരാം. ഏവിയന്‍ഫ്ലൂ, ഏവിയന്‍ ഇന്‍ഫ്ലുവന്‍സ എന്നെല്ലാം അറിയപ്പെടുന്ന പക്ഷിപ്പനി പടര്‍ത്തുന്നത് H5N1 വൈറസുകളാണ്. ഇവ പക്ഷികള്‍, പക്ഷിക്കുഞ്ഞുങ്ങള്‍, മറ്റ് വളര്‍ത്തു പക്ഷികള്‍, കാട്ടുപക്ഷികള്‍-, താറാവുപോലുള്ള-, എന്നിവയെ ബാധിക്കും. പലതരം പക്ഷിപ്പനി മറ്റു പക്ഷികളെ മാത്രമേ ബാധിക്കാറുള്ളു. എന്നാല്‍ പക്ഷിപ്പനി (H5N1) മനുഷ്യരിലും അപകടം വരുത്തും. 1997-ല്‍ ഹോംങ്കോംഗിലാണ് പക്ഷിപ്പനി വൈറസ് നേരിട്ട് മനുഷ്യര്‍ക്ക് പിടിപെട്ട ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത്. അതിനുശേഷം ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളില്‍ പക്ഷികള്‍ക്ക് രോഗബാധ കണ്ടെത്തി.

ജനുവരിയിലാണ് H5N1 ഇന്ത്യയിലെത്തുന്നത്. 3.9 ദശലക്ഷം കോഴികളും, കുഞ്ഞുങ്ങളും പക്ഷിപ്പനി പകര്‍ച്ച തടയാന്‍ കൊന്നൊടുക്കി. 2008 ഫെബ് 2 നുശേഷം ഒരു കേസും കണ്ടെത്തിയിട്ടില്ല. ഏവിയന്‍ഫ്ലൂ സാധാരണപക്ഷികളെയാണ് ബാധിക്കുന്നത്. പക്ഷെ H5N1 2003 ശേഷം 234 മനുഷ്യരെയും കൊന്നൊടുക്കി എന്ന് WHO രേഖപ്പെടുത്തുന്നു.

ഇന്‍ഫ്ലുവെന്‍സാ വൈറസുകളുടെ കോശത്തിന് നേര്‍ത്ത ഒരു ആവരണമുണ്ട്. ഈ ആവരണത്തില്‍ മുത്തുപതിപ്പിച്ചതു പോലെ കാണപ്പെടുന്ന ചില പ്രോട്ടീനുകളും ഉണ്ട്. ഈ പ്രോട്ടീനുകള്‍ വൈറസിനെ മറ്റൊരു കോശത്തിനു പുറത്ത് ഒട്ടിച്ചേര്‍ന്നിരിക്കാനും അതു വഴി ആ കോശത്തിനുള്ളില്‍ കയറിപ്പറ്റാനുമൊക്കെ സഹായിക്കുന്ന രണ്ട് രാസത്വരകങ്ങളാണ് (എന്‍സൈമുകള്‍).ഇതില്‍ രണ്ടെണ്ണമാണ് പ്രധാനം : ഹീം-അഗ്ലൂട്ടിനിന്‍(H), ന്യൂറാമിനിഡേസ് (N) എന്നിവ. ഈ പ്രോട്ടീനുകളുടെ ടൈപ്പ് അനുസരിച്ച് ഇന്‍ഫ്ലുവെന്‍സാ വൈറസുകളെ H, N എന്നീ അക്ഷരങ്ങളുടെ വിവിധ കോമ്പിനേഷനുകളില്‍ പേരിട്ടു വിളിക്കുന്നു.

H1N1, H1N2, H3N2 എന്നിവയാണ് മനുഷ്യനെ ബാധിക്കുന്നതെന്നു കണ്ടെത്തിയിട്ടുള്ള ഇന്‍ഫ്ലുവെന്‍സാ വൈറസ് ടൈപ്പുകള്‍. കാലാ‍കാലങ്ങളില്‍ ജൈവ പരിണാമഫലമായി ഇതു രൂപാന്തരം പ്രാപിക്കുന്നു. ഇതില്‍ ഇപ്പോള്‍ നാം വാര്‍ത്തകളില്‍ വായിക്കുന്ന പക്ഷിപ്പനിയുണ്ടാക്കുന്നത് H5N1 എന്ന ടൈപ്പ് ഇന്‍ഫ്ലുവെന്‍സാ വൈറസാണ്. ഇത് ഹോംഗ് കോംഗില്‍ 1997-ല്‍ സ്ഥിരീകരിക്കപ്പെട്ട പക്ഷിപ്പനി ബാധ മുതല്‍ക്ക് വ്യാപകമായ ഒരു വൈറസ് രൂപാന്തരമത്രെ.

പക്ഷിപ്പനി വൈറസിന്റെ വരവ് .

കാട്ടുപക്ഷികളില്‍ ഈ വൈറസ് കുടലിലാണ് കാണപ്പെടുന്നത്. ഇവയില്‍ ഈ രോഗാണു കാര്യമായ പ്രശ്നങ്ങളൊന്നുമുണ്ടാക്കുന്നതായി കണ്ടിട്ടില്ല. ഈ പക്ഷികളുടെ തുപ്പല്‍, കാഷ്ഠം, മറ്റു സ്രവങ്ങള്‍ എന്നിവ പലയിടത്തും വീഴുമ്പോള്‍ അതിലൂടെ ഈ വൈറസും പരക്കുന്നു. ഈ വിസര്‍ജ്ജ്യ വസ്തുക്കളുമായി (വെള്ളം, ആഹാരം തുടങ്ങിയ ) ഏതെങ്കിലും രീതിയില്‍ ബന്ധപ്പെടുന്ന വളര്‍ത്തു പക്ഷികളിലേയ്ക്ക് വൈറസ് പകരുന്നു.

വൈറസ് മൂലം ഉണ്ടാകുന്ന രോഗാവസ്ഥ എല്ലാ പക്ഷികളിലും ഒരുപോലെയാവില്ല. ചിലതില്‍ ഈ വൈറസ് വളരെ തീവ്രത കുറഞ്ഞ ഒരു ഇന്‍ഫക്ഷന്‍ മാത്രമേ ഉണ്ടാക്കുന്നുള്ളൂ. രോഗലക്ഷണങ്ങളില്‍ ആകെ കാണാവുന്നത് മുട്ടയിടലിന്റെ തോതു കുറയല്‍ മാത്രമാകാം. ഒപ്പം തൂവലുകള്‍ പിഞ്ചിപ്പോകുന്ന പ്രശ്നങ്ങളും കാണാറുണ്ട്. തീവ്രതകുറഞ്ഞ ഈ അവസ്ഥയില്‍ രോഗം ബാധിച്ച പക്ഷി മരണപ്പെടാറില്ല. ആഴ്ചകള്‍ക്കുള്ളില്‍ അവ ആരോഗ്യം വീണ്ടെടുക്കുകയും ചെയ്യും.

എന്നാല്‍ നാം ഏറ്റവും ഭയക്കുന്ന അവസ്ഥയുണ്ടാകുന്നത് രോഗതീവ്രത വളരെ കൂടുതലായിരിക്കുമ്പോഴാണ്. ഈയവസ്ഥ സംജാതമായാല്‍ ഏതാണ്ട് 48 – 72 മണിക്കൂറിനകം പക്ഷി മരിക്കും.

കാട്ടുപക്ഷികളെ തിന്നുക വഴി പല മൃഗങ്ങള്‍ക്കും ഈ രോഗം വരുന്നതായി നമുക്കറിയാം. ഉദാഹരണത്തിന് രോഗം ബാധിച്ച പക്ഷികളെതിന്ന് തായ്ലണ്ടിലും മറ്റും മൃഗശാലയിലെ കടുവകള്‍ ചത്തതായി റിപ്പോര്‍ട്ടുണ്ട്. വളര്‍ത്തു പൂച്ചകളും ഇങ്ങനെ ചത്തതായി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെതുടര്‍ന്ന് വിപുലമായ അന്വേഷണങ്ങള്‍ നടത്തപ്പെട്ടു. വളര്‍ത്തുപൂച്ച ചത്തുവെന്നു കണ്ട കേസുകളിലൊക്കെയും രോഗം ബാധിച്ച പക്ഷികളെ അവ തിന്നതാ‍യി കണ്ടെത്തിയിട്ടുണ്ട്. പന്നി പോലുള്ള മൃഗങ്ങളില്‍ പക്ഷികളുടെ വിസര്‍ജ്യത്തില്‍ നിന്നും പക്ഷിപ്പനി പകരുന്നതായും റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്.

പക്ഷിപ്പനി മനുഷ്യനില്‍

മനുഷ്യരിലേക്ക് ഈ വൈറസ് പകരുന്നത് കോഴി, താറാവ് തുടങ്ങിയ വളര്‍ത്തു പക്ഷികളില്‍ നിന്നാണ് – അതും അവയുടെ വിസര്‍ജ്യവസ്തുക്കളുമായി ബന്ധപ്പെടുമ്പോള്‍ . ഒരു മനുഷ്യനില്‍ നിന്ന് മറ്റൊരാ‍ളിലേയ്ക്ക് ഈ രോഗം പകരുന്നത് അപൂര്‍വം.

ഈ വൈറസ് ബാധിച്ച മനുഷ്യരില്‍ ഇതുവരെ അറിവായിട്ടുള്ളതില്‍ വച്ച് ജലദോഷത്തിന്റെയും സാധാരണ കഫക്കെട്ടിന്റെയും ലക്ഷണങ്ങളാണ് കണ്ടിട്ടുള്ളത്. കണ്ണുദീനം/ചെങ്കണ്ണ് പോലുള്ള ലക്ഷണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പനിയും ചുമയും തൊണ്ടവീക്കവും ന്യ്യുമോണിയയും കാണാം. അപൂര്‍വ്വമായി തലച്ചോറിനെ ബാധിക്കുകയും ചെയ്യാറുണ്ട്.

പക്ഷിപ്പനി രോഗലക്ഷണം മാത്രം വച്ചു നിര്‍ണ്ണയിക്കാനൊക്കുകയില്ല. കാരണം ആരംഭത്തില്‍ മറ്റേതൊരു ന്യുമോണിയയേയും പോലെ ചില്ലറപ്രശ്നങ്ങള്‍ മാത്രമേ രോഗികളില്‍ കാണാറുള്ളൂ. അതിനാല്‍ കൃത്യമായ രോഗനിര്‍ണ്ണയത്തിന് രോഗിയുടെ മൂക്ക്, തൊണ്ട എന്നിവിടങ്ങളില്‍ നിന്നും ശേഖരിക്കുന്ന സ്രവങ്ങളില്‍ വൈറസ് ഉണ്ടോ എന്ന് നോക്കുകയാണ്. (പി.സി.ആര്‍ പോലുള്ള വിദ്യകളും ലാബില്‍ വൈറസിനെ വളര്‍ത്തുന്നത് പോലുള്ള വിദ്യകളും ഉപയോഗിച്ച് ). ടെസ്റ്റുകള്‍ ചെലവേറിയതും കാലതാമസമെടുക്കുന്നതുമായതിനാല്‍ നമ്മുടേതു പോലുള്ള ഒരു സെറ്റപ്പില്‍ ഇതെത്ര കണ്ട് പ്രായോഗികം എന്നറിയില്ല.

മനുഷ്യനില്‍ ഇന്ന് വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള പക്ഷിപ്പനി ബാധകളില്‍ 90% വും താരതമ്യേന വീര്യം കുറഞ്ഞതും മാരകമല്ലാത്തതുമാണ്. അപൂര്‍വം ചില അവസരങ്ങളിലൊഴിച്ച് മനുഷ്യനില്‍ നിന്നു മനുഷ്യനിലേക്ക് ഇതു പടരുന്നതായി കണ്ടിട്ടുമില്ല. കാരണം അത്രയ്ക്കും സാംക്രമിക ശേഷി ഈ വൈറസിന് ഇതു വരെ ആര്‍ജ്ജിക്കാനായിട്ടില്ല. എന്നിരുന്നാലും മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകര്‍ന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളില്‍ നല്ലൊരു പങ്കിലും രോഗികള്‍ മരണപ്പെടുകയായിരുന്നു എന്നത് ആശങ്കാജനകം തന്നെ.

ഏവിയന്‍ ഇന്‍ഫ്ലുവന്‍സയുടെ തലക്കുറി

വൈറസുകളെ സംബന്ധിച്ച ഏറ്റവും ഭയപ്പെടുത്തുന്ന ഒരു സംഗതി അവയുടെ മ്യൂട്ടേഷനുകള്‍ ആണ്. വൈറസിനു പേരിനൊരു കോശ ആവരണം ഉണ്ടെന്നതൊഴിച്ചാല്‍ അതിന്റെ പ്രധാനശരീരഭാഗം എന്നു പറയാന്‍ ഒരു കഷ്ണം ജനിതകവസ്തു മാത്രമെയുള്ളൂ.

നമ്മുടെ ശരീരത്തിലെ ഒരു കോശത്തില്‍ കയറിപ്പറ്റി കഴിഞ്ഞാല്‍ വൈറസ് ആദ്യം ചെയ്യുക, അതിന്റെ ജീനുകളെ നമ്മുടെ കോശത്തിന്റെ ജീനുകളുടെ ഇടയിലേയ്ക്ക് തുരന്നു കയറ്റുക എന്നതാണ്. ഇതോടെ വൈറസ് ജീനുകള്‍ അവയുടെ തനിനിറം കാണിക്കുന്നു. ഒട്ടകത്തിന്‍ തലവയ്ക്കാന്‍ ഇടം കൊടുത്ത പഴയ കഥ ആവര്‍ത്തിക്കുന്നു. വൈറസ് ജീനുകള്‍ കോശത്തേ അതിന്റെ സ്വന്തം പ്രത്യുല്‍പ്പാദനത്തിനായി ഉപയോഗിച്ചുതുടങ്ങുമ്പോള്‍ കാര്യങ്ങള്‍ കൈവിട്ടു പോകുന്നു.

ഇങ്ങനെ പെറ്റു പെരുകുന്ന കുട്ടി വൈറസുകളുടെ ജീനുകള്‍ക്കിടയില്‍ മനുഷ്യ ജീനുകളും കാണാം. ഒട്ടനവധി ജീനുകളുടെ സങ്കലനങ്ങളും ഈ പ്രക്രിയയ്കിടയില്‍ നടക്കാമെന്നതാണ് ഭയപ്പെടുത്തുന്ന കാര്യം. ഇങ്ങനെ മാറിമറിയുന്ന ജീന്‍ സീക്വന്‍സുകള്‍ മൂലം പുതുതായി ഉണ്ടാകുന്ന വൈറസ് കുഞ്ഞുങ്ങളുടെ ആക്രമണ സ്വഭാവത്തില്‍ മാറ്റം വന്നാല്‍ ? ഒരു മരുന്നിനും തടയാനാ‍വാത്ത അവ വിധം സര്‍വ്വശക്തരായാല്‍ ? കൂടുതല്‍ തീവ്രതയുള്ള, മാരകമായ ഒരു രോഗാണുവായി അവ മാറിയാല്‍ ?ശാസ്ത്രലോകം ഭയപ്പെടുന്നത് ഇത്തരം മ്യൂട്ടേഷന്‍ (രൂപമാറ്റ) സാധ്യതകളെയാണ്. കാരണം മുന്‍പ് ലോകത്തില്ലാതിരുന്ന ഒരു രോഗാണു പുതുതായി രൂപം കൊള്ളുമ്പോള്‍ അതിനെതിരേ പ്രകൃത്യാ ഉള്ള യാതൊരു പ്രതിരോധശേഷിയും (natural immunity) ഇല്ലാത്ത ഭൂമിയിലെ ജനം രോഗബാധിതരായി മരിക്കാന്‍ സാധ്യത കൂടുതലാണ്.

ഈ ഭയം അസ്ഥാനത്തല്ല. പന്നിയില്‍ ഇങ്ങനെയുള്ള വൈറസ് മ്യൂട്ടേഷനുകള്‍ കാണാറുണ്ട്. പക്ഷിയില്‍ നിന്നും മനുഷ്യനില്‍ നിന്നും ഒരേസമയം രണ്ടു വ്യത്യസ്ഥ ഇന്‍ഫ്ലുവന്‍സാ വൈറസുകള്‍ പന്നിയില്‍ ഇന്‍ഫക്ഷനുണ്ടാക്കുന്നുവെന്നു കരുതുക (co-infection) . ചില അവസരങ്ങളില്‍ പന്നിയുടെ ശരീരത്തിലെ ഒരേ കോശത്തില്‍ ഈ രണ്ടു വൈറസുകളും സമ്മേളിച്ച് ജീന്‍ സങ്കലനത്തിനു വിധേയമാകുന്നു. ഇതോടെ കൂടുതല്‍ പ്രശ്നക്കാരനായ മാരകമാ‍യേക്കാവുന്ന ഒരു പുതിയതരം ഇന്‍ഫ്ലുവെന്‍സാ വൈറസ് ജന്മംകൊള്ളുകയായി. പുതിയ ചില വൈറല്‍ രൂപങ്ങളായ H9N2, H7N7 എന്നിവയൊക്കെ അങ്ങനെയുണ്ടായതാണോ എന്നു സംശയിക്കപ്പെടുന്നു.

ചികിത്സ, പ്രതിരോധക്കുത്തിവയ്പ്പ്

ഒസെല്‍റ്റാമിവിര്‍, സനാമിവിര്‍ എന്നിങ്ങനെയുള്ള മരുന്നുകള്‍ പക്ഷിപ്പനിക്കെതിരെ ഇപ്പോള്‍ ഉപയോഗിച്ചു വരുന്നുണ്ട്. ഏറെക്കുറെ ഫലപ്രദമാ‍ണിവയെങ്കിലും ചെറു കാലയളവില്‍ മാത്രം പ്രയോഗിക്കപെടുന്നതിനാല്‍ ഫലത്തെക്കുറിച്ചും സൈഡ് ഇഫക്റ്റുകളെക്കുറിച്ചും നിരന്തരപഠനങ്ങള്‍ ഇപ്പൊഴും നടക്കുന്നു.

സനോഫി പാസ്ചര്‍ കമ്പനി ഗവേഷിച്ച് നിര്‍മ്മിച്ച പ്രതിരോധ കുത്തിവയ്പ് ഇപ്പോള്‍ പക്ഷിപ്പനിക്കെതിരേ ലഭ്യമാണ്. എന്നാല്‍ മനുഷ്യരില്‍ പക്ഷിപ്പനി വളരെ പരിമിതമായ ചില സന്ദര്‍ഭങ്ങളില്‍ മാത്രമേ കണ്ടുവരുന്നുള്ളൂ‍ എന്നതിനാലും, ഭാവിയില്‍ മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരുന്ന ലോകവ്യാപകമായ ഒരു ആരോഗ്യപ്രശ്നമായി പക്ഷിപ്പനി മാറുകയാണെങ്കില്‍ വാക്സിനേഷന്‍ കൊണ്ട് ഉണ്ടാകാവുന്ന പൊതുജന പ്രയോജനം കണക്കിലെടുത്തും അമേരിക്കന്‍ ഗവണ്മെന്റ് ഈ വാക്സീനിന്റെ സ്റ്റോക്ക് സൂക്ഷിക്കാനും വേണ്ടപ്പോള്‍ മാത്രം പൊതുജന ഉപയോഗത്തിന് തുറന്നുകൊടുക്കാനും തിരുമാനിച്ചിട്ടുണ്ട്.

ഇന്ത്യയിലെ കാര്‍ഷിക ഗവേഷണ സമിതിയുടെ – Indian Council of Agricultural Research (ICAR) – മുന്‍ കൈയ്യില്‍ ഭോപാലിലെ മൃഗരോഗ ലാബോറട്ടറി പക്ഷികളിലും മൃഗങ്ങളിലും പക്ഷിപ്പനിക്കെതിരേ പ്രതിരോധമുണ്ടാക്കുന്നതിന്റെ ഭാഗമായി ഒരു വാക്സീന്‍ വികസിപ്പിച്ചിട്ടുണ്ട്. ഇത് പക്ഷേ പ്രാഥമിക പരീക്ഷണഘട്ടത്തിലായതിനാല്‍ വ്യാപകമായി ഉപയോഗിച്ചുതുടങ്ങിയിട്ടില്ല എന്നാണറിവ്.

ഇത്തിരി രാഷ്ട്രീയം ഇത്തിരി കച്ചവടം…

ഇരുപതോളം കമ്പനികള്‍ ഇന്ന് H5N1പക്ഷിപ്പനി വൈറസിനെതിരേ മനുഷ്യരില്‍ കുത്തിവയ്പ്പിനുള്ള മരുന്ന് വികസിപ്പിക്കുന്നതിന്റെ പല ഘട്ടങ്ങളിലാണ്. രോഗം വന്നു മരിച്ചവരും അല്ലാത്തവരുമായ മനുഷ്യരില്‍ നിന്നാണ് ഈ വൈറസിന്റെ സാമ്പിളുകള്‍ ശേഖരിച്ച് കുത്തിവയ്പ്പു മരുന്ന് തയാറാക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നത്. ഈ സാമ്പിളുകള്‍ ആകട്ടെ അതീവ സുരക്ഷയില്‍ മാത്രം കൈകാര്യം ചെയ്തില്ലെങ്കില്‍ വൈറസിനു മ്യൂട്ടേഷന്‍ സംഭവിച്ച് ലോകത്ത് ഒരു മഹാദുരന്തം തന്നെവരുത്തിവയ്ക്കാം എന്ന് ഓര്‍ക്കുക. അതിനാല്‍ത്തന്നെ ദുര്‍ലഭമായ ഈ സാമ്പിളുകള്‍ കൈമാറ്റം ചെയ്യുന്നതിനും ഉപയോഗിക്കുന്നതിനും ലോകാരോഗ്യസംഘടനയുടെ നേതൃത്വത്തില്‍ ശക്തമായ നിയമാവലി നിലവിലുണ്ടാക്കിയിട്ടുണ്ട്. മരുന്നുകമ്പനികള്‍ അതിനാല്‍ തന്നെ ഈ സാമ്പിളുകള്‍ക്ക് വേണ്ടി രാജ്യങ്ങളോട് വിലപേശുന്ന അവസ്ഥയുമുണ്ട്.

എന്നാല്‍ ഈ വൈറസ് ബാധ മൂലം ലോകത്തേറ്റവും കൂടുതല്‍ ആളുകള്‍ മരിച്ച ഇന്‍ഡോനേഷ്യ വന്‍കിടകമ്പനികളോട് ആവശ്യപ്പെടുന്നത് തങ്ങളുടെ വൈറസ് സാമ്പിളുകള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന വാക്സീനുകളില്‍ ഒരു പങ്ക് ഇതു മുലം കഷ്ടതയനുഭവിക്കുന്ന ദരിദ്ര രാഷ്ട്രങ്ങള്‍ക്ക് നല്‍കണമെന്നാണ്. ഇതിന്റെ പേരില്‍ അമേരിക്കന്‍ കമ്പനികളും ഇന്‍ഡോനേഷ്യയും പലപ്പോഴും ഇടയുകയും ചെയ്തിരുന്നു എന്നത് ഈ രോഗാണുവിന്റെ രാഷ്ട്രീയ പ്രാധാന്യം വിളിച്ചു പറയുന്നു .

ഇപ്പോള്‍ ബാക്സ്റ്റര്‍ എന്ന അമേരിക്കന്‍ കമ്പനിയും ഇന്‍ഡോനേഷ്യന്‍ സര്‍ക്കാരും ചേര്‍ന്നു ഒരു പ്രതിരോധ കുത്തിവയ്പ്പു വികസിപ്പിക്കുന്നുണ്ട്, അമേരിക്കന്‍ സര്‍ക്കാരിന്റെ എതിര്‍പ്പുകളെ മറികടന്ന്.

മുന്‍ കരുതലുകള്‍

തെറ്റിദ്ധാരണകള്‍ അകറ്റൂ… മുന്‍ കരുതലുകള്‍ എടുക്കൂ.

ഇതൊക്കെയാണെങ്കിലും പക്ഷിപ്പനിയെ ഇത്രകണ്ടു പേടിക്കേണ്ടകാര്യമൊന്നുമില്ല. വിയറ്റ്നാം, ചൈന, ജപ്പാന്‍, ഇന്‍ഡോനേഷ്യ തുടങ്ങി, മനുഷ്യരില്‍ പക്ഷിപ്പനി ഉണ്ടെന്നു കണ്ട നാ‍ടുകളിലൊക്കെയും കഷ്ടിച്ച് 100 – 400 ആളുകളെ മാത്രം ബാധിച്ച രോഗമാണിത് . നമ്മുടെ നാട്ടില്‍ ഒരു മിനുട്ടില്‍ മരിക്കുന്ന ക്ഷയരോഗികള്‍ അതിന്റെ ഇരട്ടിയോളം വരും…!

പക്ഷിപ്പനി ബാധിച്ച ജീവികളുടെ ശവശരീരമോ, മുട്ട തുടങ്ങിയ വസ്തുക്കളോ കൈകാര്യം ചെയ്യുന്നതില്‍ നിന്നും ഈ രോഗം വരാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കര്‍ഷകര്‍, ഫാം തൊഴിലാളികള്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ ശ്രദ്ധാലുക്കളാവുക. എന്നാല്‍ സാധാരണ വീട്ടാവശ്യത്തിനുപയോഗിക്കുന്ന മുട്ട കോഴിയിറച്ചി എന്നിവ കൈകാര്യം ചെയ്യുമ്പോള്‍ താഴെപ്പറയുന്ന മുന്‍ കരുതലുകള്‍ എടുത്താല്‍ ഭയപ്പെടേണ്ട കാ‍ര്യമില്ല :

1. പക്ഷിയിറച്ചി, മുട്ട എന്നിവ കൈകാര്യം ചെയ്തുകഴിഞ്ഞാല്‍ കൈകള്‍ വൃത്തിയായി അര മിനുട്ട് നേരമെങ്കിലും സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക.

2. ഇറച്ചി വെട്ടി കഴുകുകയോ മറ്റൊ ചെയ്യുമ്പോള്‍ മറ്റു ഭക്ഷണങ്ങളില്‍ നിന്നും മാറ്റി, വൃത്തിയുള്ള പലക, കത്തി എന്നിവയുപയോഗിച്ച് അതു ചെയ്യുക.

3. മുട്ടയുടെ പുറം നന്നായി കഴുകിയതിനു ശേഷം മാത്രം ഉടയ്ക്കുക.

4. മുട്ട പുഴുങ്ങിയോ പൊരിച്ചോ മാത്രം ഉപയോഗിക്കുക. പാ‍തി വേവിച്ചതോ ബുള്‍സ് ഐ ആക്കിയതോ ഉപയോഗിക്കുന്നതൊഴിവാക്കുക. പച്ചമുട്ട പാചകവിഭവങ്ങളില്‍ ചേര്‍ക്കുന്നത് പക്ഷിപ്പനിക്കാലത്തേയ്ക്കെങ്കിലും ഒഴിവാക്കുക.

5. മൈക്രൊ വേവ് അവന്‍ ഉപയോഗിക്കുന്നവര്‍ ഏറ്റവ്വും കുറഞ്ഞത് 160 ഡിഗ്രിയിലെങ്കിലും ഇറച്ചി പാചകം ചെയ്യാന്‍ ഓര്‍ക്കുക. സാധാരണ നാം കോഴി/താറാവ് കറിവയ്ക്കുമ്പോള്‍ ഏതാണ്ട് ഈ ചൂടിലാണ് പാചകം ചെയ്യാറ്. അതുകൊണ്ട് മൈക്രോവേവ് അവന്‍ ഇല്ലാത്തവര്‍ തെര്‍മോമീറ്ററും തപ്പി ഓടേണ്ട കേട്ടോ

6. മുട്ട, ഇറച്ചി എന്നിങ്ങനെയുള്ളവ മറ്റു ഭക്ഷണ പദാര്‍ത്ഥങ്ങളുമാ‍യി ഇടകലര്‍ത്തി വയ്ക്കരുത്. വാങ്ങിയാല്‍ കഴിവതും ഫ്രിഡ്ജിലും മറ്റും വയ്ക്കാതെ വേഗം ഉപയോഗിച്ചു തീര്‍ക്കണം.

You May Also Like

More From Author

31Comments

Add yours

+ Leave a Comment