ഇടുക്കിയില്‍ രാത്രി യാത്ര വേണ്ട മഴ ശക്തമാണ്

Estimated read time 0 min read
Spread the love

ഇടുക്കി: വേനല്‍ മഴ ശക്തമാകുന്ന സാഹചര്യത്തില്‍ ഇടുക്കിയില്‍ രാത്രികാല യാത്രക്ക് നിരോധനം. മഴമുന്നറിയിപ്പുകള്‍ പിന്‍വലിക്കും വരെയാണ് നിരോധനം. മലയോര മേഖലയില്‍ രാത്രി ഏഴ് മുതല്‍ രാവിലെ ആറു വരെ യാത്ര നിരോധിച്ചു. വിനോദസഞ്ചാര മേഖലയിലും നിയന്ത്രണം ഏര്‍പ്പെടുത്തി. ജില്ലയില്‍ ട്രക്കിങ്, ഓഫ് റോഡ് യാത്രകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തി. ഇടുക്കി അടക്കം മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് യാത്രാ നിരോധനം. സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു. വേനലിന് ആശ്വാസമായി തുടങ്ങിയ മഴ സംസ്ഥാനത്ത് അതിവേഗം ശക്തി പ്രാപിക്കുകയാണ്. ഇന്ന് മൂന്ന് ജില്ലകളില്‍ അതിതീവ്ര മഴയ്ക്കുള്ള റെഡ് അലേര്‍ട്ടാണ് നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും തൃശൂര്‍ മുതല്‍ വയനാട് വരെയുള്ള അഞ്ച് ജില്ലകളില്‍ യെല്ലോ അേലര്‍ട്ടും ഉണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മഴ മുന്നറിയിപ്പുകളില്ല.

നാളെയും ഇതേ ജില്ലകളില്‍ റെഡ്, ഓറഞ്ച്, യെല്ലോ അലേര്‍ട്ടുകള്‍ തുടരും. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത ഉണ്ട്. തെക്കന്‍ തമിഴ്നാടിന് മുകളിലെ ചക്രവാതച്ചുഴിയാണ് മഴയ്ക്ക് കാരണം. അടുത്ത ബുധാഴ്ചയോടെ ബംഗാള്‍ ഉതകടലില്‍ ന്യൂനമര്‍ദം രൂപപ്പെടാനും പിന്നീടത് അതിതീവ്ര ന്യൂനമര്‍ദമാകാനും സാധ്യത ഉണ്ട്. കേരളതീരത്ത് ഇന്ന് രാത്രിവരെ ഒന്നര മീറ്റര്‍ ഉയരത്തില്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടായേക്കും.

ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രമാണ് ഇത് സംബന്ധിച്ചുള്ള മുന്നറിയിപ്പ് നല്‍കിയത്. ബീച്ചിലേക്കുള്ള യാത്രകള്‍ ഒഴിവാക്കാനും മത്സ്യബന്ധന വള്ളങ്ങള്‍ കെട്ടിയിട്ട് സൂക്ഷിക്കാനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കടലില്‍ മോശംകാലാവസ്ഥ തുടരുന്നതിനാല്‍ കടലില്‍ പോകുന്നതിന് കര്‍ശന വിലക്ക് ഏര്‍പ്പെടുത്തി. ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെ കടലില്‍ പോകരുതെന്നാണ് നിര്‍ദേശം.

You May Also Like

More From Author

29Comments

Add yours

+ Leave a Comment