വളരെ കുറഞ്ഞ പരിചരണവും നിക്ഷേപവുമുണ്ടെങ്കില്‍ എളുപ്പത്തില്‍ നിങ്ങളുടെ വീട്ടുപറമ്പിലും വലിയ പാത്രങ്ങളില്‍ വീട്ടിനകത്തു പോലും വളര്‍ത്താവുന്ന പോഷകഗുണമുള്ള പഴത്തെക്കുറിച്ചാണ് ഇവിടെ പറയുന്നത്. നിത്യഹരിതമായ പൂക്കളുണ്ടാകുന്ന വീതിയുള്ള ഇലകളോടുകൂടിയ ഒരു ചെടിയിലുണ്ടാകുന്ന പഴമാണ് മുള്ളാത്ത എന്നറിയപ്പെടുന്നത്. ഏകദേശം നാല് മീറ്ററോളം ഉയരത്തില്‍ വളരുന്ന ഈ ചെടി തണുപ്പുള്ള കാലാവസ്ഥയുമായും ആര്‍ദ്രതയുള്ള അന്തരീക്ഷവുമായും പകുതി സൂര്യപ്രകാശം ലഭിക്കുന്ന സാഹചര്യവുമായും വരള്‍ച്ചയുള്ള അവസ്ഥയുമായും പോഷകഗുണം കുറഞ്ഞ മണ്ണുമായുമെല്ലാം വളരെ പെട്ടെന്ന് പൊരുത്തപ്പെട്ട് വളരുമെന്ന പ്രത്യേകതയുമുണ്ട്. അമേരിക്കയിലെ ഉഷ്ണമേഖലാപ്രദേശത്താണ് ജനനമെങ്കിലും ഇന്ന് ലോകത്തിന്റെ മിക്കവാറും എല്ലാ പ്രദേശങ്ങളിലും മുള്ളാത്ത കൃഷി ചെയ്യുന്നുണ്ട്.
മുള്ളാത്തയുടെ അകവശത്ത് വെളുത്ത നിറത്തിലുള്ള മാംസളമായ ഭക്ഷ്യയോഗ്യമായ ഭാഗവും കഴിക്കാന്‍ യോഗ്യമല്ലാത്ത കറുത്ത വിത്തുകളുമാണുള്ളത്. ഈ പഴത്തില്‍ നിന്ന് വേര്‍തിരിക്കുന്ന പള്‍പ്പ് ജ്യൂസുകളിലും സ്മൂത്തിയിൽ ചേര്‍ക്കാനും ഐസ്‌ക്രീമുകളിലും ഉപയോഗിക്കാറുണ്ട്. ഇലകള്‍ ആയുര്‍വേദ മരുന്നുകളില്‍ ഉപയോഗിക്കുന്നുണ്ട്. ഇതിനുപുറമെ ഇളംപ്രായത്തിലുള്ള മുള്ളാത്ത വേവിച്ചും ഭക്ഷിക്കാം. അനോനേസി സസ്യകുടുംബത്തിലെ അംഗമായ മുള്ളാത്തയ്ക്ക് പല പേരുകളുമുണ്ട്. സോര്‍സോപ്പ്, ഗ്രാവിയോള, ബ്രസീലിയന്‍ പോ പോ , ലക്ഷ്മണഫല്‍, രാംഫല്‍ എന്നിങ്ങനെ വിവിധ സംസ്ഥനങ്ങളില്‍ ഈ പഴം അറിയപ്പെടുന്നു. പ്രധാനമായും രണ്ടുതരത്തിലുള്ള മുള്ളാത്തയാണ് കൃഷി ചെയ്യുന്നത്. മധുരമുള്ളതും പുളിപ്പുള്ളതും. മധുരമുള്ള പഴങ്ങള്‍ അതുപോലെ തന്നെ ഭക്ഷിക്കാനും പുളിപ്പുള്ള പഴങ്ങള്‍ ജ്യൂസുണ്ടാക്കാനുമാണ് പ്രയോജനപ്പെടുത്തുന്നത്.
സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 300 മുതല്‍ 400 മീറ്റര്‍ ഉയരത്തിലാണ് മുള്ളാത്ത നന്നായി വളരുന്നത്. മൂന്ന് ഡിഗ്രി സെല്‍ഷ്യസിലും കുറവാണ് അന്തരീക്ഷ താപനിലയെങ്കില്‍ ചെടിയുടെ ഇലകള്‍ നശിക്കാനും പഴങ്ങള്‍ ഉപയോഗയോഗ്യമല്ലാതാകാനും സാധ്യതയുണ്ട്. നല്ല നീര്‍വാര്‍ച്ചയുള്ളതും ജൈവവള സമ്പുഷ്ടമായതുമായ മണ്ണാണ് ഏറ്റവും അനുയോജ്യം. പി.എച്ച് മൂല്യം ആറിനും 6.5 -നും ഇടയിലായിരിക്കണം. സൂക്ഷ്മമൂലകങ്ങളുടെ അഭാവമുണ്ടെങ്കില്‍ മണ്ണ് തയ്യാറാക്കുമ്പോള്‍ത്തന്നെ പരിഹരിക്കണം. വളരെ സാധാരണമായ കൃഷിരീതി വിത്ത് മുളപ്പിച്ച് തന്നെയാണ്. എയര്‍ ലെയറിങ്ങ്, ബഡ്ഡിങ്ങ്, ഗ്രാഫ്റ്റിങ്ങ് എന്നിവ വഴിയും കൃഷി ചെയ്യാം. നല്ല ഗുണനിലവാരമുള്ള വിത്തുകള്‍ ആരോഗ്യമുള്ള ചെടിയില്‍ വളരുന്ന പഴത്തില്‍ നിന്നും തെരഞ്ഞെടുക്കണം. പഴത്തില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന വിത്തുകള്‍ വെള്ളത്തില്‍ നന്നായി കഴുകി ഉണക്കിയെടുക്കണം.
അല്‍പം മണല്‍ കലര്‍ന്ന മണ്ണില്‍ വിത്ത് പാകുന്നതാണ് നല്ലത്. ഒരു സെ.മീ ആഴത്തിലും രണ്ട് ചെടികള്‍ തമ്മില്‍ 2.5 സെ.മീ അകലം വരുന്ന വിധത്തിലുമായിരിക്കണം വിത്ത് കുഴിച്ചിടുന്നത്. തണലും വെള്ളവും ലഭിക്കുന്ന സ്ഥലത്തായിരിക്കണം വിത്ത് നടേണ്ടത്. 30 ദിവസങ്ങളോളമെടുത്താണ് മുളയ്ക്കുന്നത്. ഇങ്ങനെ മുളപ്പിച്ച വിത്തുകള്‍ നന്നായി ഉഴുതു മറിച്ച കൃഷിഭൂമിയിലേക്ക് ഏഴ് മാസങ്ങള്‍ക്ക് ശേഷം മാറ്റി നടാവുന്നതാണ്. ഒരു ഹെക്ടര്‍ കൃഷിഭൂമിയില്‍ 200 മുതല്‍ 600 വരെ ചെടികളാണ് നടാറുള്ളത്. വര്‍ഷം മുഴുവനും പൂക്കളുണ്ടായി കായകള്‍ തരുന്ന ചെടിയാണെങ്കിലും കായകള്‍ പഴുക്കാനായി ഒരു പ്രത്യേക സീസണ്‍ തന്നെയുണ്ട്.
വരള്‍ച്ചയെ അതിജീവിക്കാന്‍ കഴിയുമെങ്കിലും ചെടിയുടെ വേരിന്റെ ഭാഗത്ത് ഈര്‍പ്പം കിട്ടിയില്ലെങ്കില്‍ ഇലകള്‍ കൊഴിയാന്‍ സാധ്യതയുണ്ട്. മഴക്കാലത്ത് നനയ്‌ക്കേണ്ട ആവശ്യമില്ല. തുള്ളിനനയാണ് അല്‍പം കൂടി യോജിച്ചത്. തണലത്ത് വളരുന്നതും ഉയരം കുറഞ്ഞതുമായ ചെടിയായതിനാല്‍ മാവിന്‍ തോപ്പിലും തെങ്ങിന്‍ തോപ്പിലും പ്ലാവ് വളരുന്ന സ്ഥലത്തുമെല്ലാം മുള്ളാത്ത ഇടവിളയായി കൃഷി ചെയ്യാം.
വളരെ പെട്ടെന്ന് വളരുകയും ഏകദേശം മൂന്ന് വര്‍ഷങ്ങള്‍ മുതല്‍ അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ പഴങ്ങളുണ്ടാകുകയും ചെയ്യും. നന്നായി വിളഞ്ഞ പഴങ്ങള്‍ക്ക് പൂര്‍ണമായ പച്ചനിറമുണ്ടാകും. നന്നായി ഉറച്ച ശേഷം മഞ്ഞയും പച്ചയും ചേര്‍ന്ന നിറമാകുമ്പോഴാണ് വിളവെടുക്കുന്നത്. ഒരു വര്‍ഷത്തില്‍ മൂന്ന് തവണ പഴുത്ത് വിളവെടുക്കാറുണ്ട്. മണ്ണും കാലാവസ്ഥയും ചെടിയുടെ പ്രായവും കൃഷി രീതികളും ജലസേചന സൗകര്യങ്ങളുമെല്ലാം അടിസ്ഥാനപ്പെടുത്തിയാണ് ലഭിക്കുന്ന വിളവും കണക്കാക്കപ്പെടുന്നത്. ഒരു വര്‍ഷത്തില്‍ ഒരു മരത്തില്‍ നിന്ന് 24 പഴങ്ങളോളം മാത്രമേ പ്രതീക്ഷിക്കാന്‍ പറ്റുകയുള്ളു. ഓരോ പഴത്തിനും ഒരു കിലോയോളം ഭാരമുണ്ടാകും.
+ There are no comments
Add yours