ചുട്ടുപൊള്ളുന്ന വേനലിൽ ആശ്വാസം പകർന്ന് നൊങ്ക്. കൃത്രിമത്വങ്ങളൊന്നുമില്ലാതെ പ്രകൃതിദത്ത വിഭവമായതുകൊണ്ട് നൊങ്ക് ജ്യൂസിന് ആവശ്യക്കാരേറെയാണ്. നഗരവീഥികളിലും ഗ്രാമപ്രദേശങ്ങളിലും ചൂട് കൂടിയതോടെ നൊങ്കിന്റെ വില്പനയും കൂടി. ചിലയിടങ്ങളിൽ നൊങ്ക് മാത്രമായി ലഭിക്കുമ്പോൾ ചിലയിടത്ത് നൊങ്കും പഴവർഗങ്ങളും ചേർത്തുള്ള ജ്യൂസാണ്. ഫ്രഷ് നൊങ്ക് ജ്യൂസിന് ഗ്ലാസൊന്നിന് അറുപത് രൂപ വരെ വിലയുണ്ട്.വലിയ കടകൾക്കു പുറമേ പാതയോരങ്ങളിൽ ചെറിയ തട്ടുകടകളിലും വില്പന സജീവമാണ്. ചൂടുകാലത്ത് ഔഷധഗുണമുള്ള നൊങ്ക് കഴിക്കുന്നത് ശരീരത്തിന് നല്ലതാണെന്നാണ് പൊതുവേ പറയുന്നത്. മായങ്ങളൊന്നുംചേരാത്തതിനാൽ നൊങ്കിന് ആവശ്യക്കാരും കൂടുതലാണ്. നൊങ്ക് കൂടുതലും എത്തുന്നത് തമിഴ്നാട്ടിൽ നിന്നുമാണ്. കേരളത്തിന്റെ അതിർത്തിപ്രദേശങ്ങളായ കളിയിക്കാവിള, കന്യാകുമാരി എന്നിവിടങ്ങളിൽനിന്നുമാണ് തലസ്ഥാനത്തേക്കു നൊങ്ക് കൂടുതലായി എത്തുന്നത്. ഇവിടെ തീരുമ്പോൾ തെങ്കാശിയിൽനിന്നും നൊങ്ക് എത്തും.
തമിഴ്നാട്ടിൽനിന്ന് ലോറിയിൽ നൊങ്കുകൾ ഇവിടേക്ക് എത്തിച്ചുകൊടുക്കാനും ഇടനിലക്കാരുണ്ട്. ഇപ്പോൾ പനകയറാൻ പുതിയ തലമുറയിൽപ്പെട്ടവർ കുറവായതിനാലും കൂലി വർധനവും തമിഴ്നാട്ടിൽ പനകൾ മുറിച്ച് മറ്റ് കൃഷികളിലേക്കു തിരിയുകയും ചെയ്തതോടെ ഏക്കറുകണക്കിന് പനകൾ വെട്ടിമാറ്റപ്പെട്ടു.ഇതോടെ നൊങ്കിനും ക്ഷാമമായിത്തുടങ്ങിയതായി വ്യാപാരികൾ പറയുന്നു. ചൂടുകാലത്ത് നൊങ്കാണ് താരമെങ്കിലും ഇളനീരിന്റെയും തണ്ണിമത്തന്റെയും വില്പനയും തകൃതിയാണ്. നാടൻ കരിക്കും തമിഴ്നാട്ടിൽ നിന്നെത്തുന്ന കരിക്കും വില്പനയ്ക്കുണ്ട്. മുപ്പത്തിയഞ്ച്, നാൽപ്പത് എന്നിങ്ങനെയാണ് കരിക്കിന് വില. കരിക്ക് കുടിക്കുന്നവർക്ക് ഒരു ഗുണവുമുണ്ട്. ദാഹമകറ്റുന്നതോടൊപ്പം കരിക്ക് തിന്ന് ചെറിയ വിശപ്പുമകറ്റാം. വഞ്ചിയൂർ, കിള്ളിപ്പാലം തുടങ്ങിയ സ്ഥലങ്ങളിലാണ് കരിക്ക് വില്പന കൂടുതൽ. ചൂടേറ്റ് തളർന്ന് വരുന്നവർക്ക് തണലുപറ്റിനിന്ന് കരിക്ക് കുടിക്കാൻ വഞ്ചിയൂരും കിള്ളിപ്പാലം സ്കൂളിനു മുന്നിലും സൗകര്യമുള്ളതിനാൽ നിരവധിപ്പേരാണ് കരിക്ക് കുടിക്കാനായി എത്തുന്നത്.
സീസണായതോടെ തണ്ണിമത്തന്റെ വില്പനയും കൂടി. സാഹചര്യങ്ങളനുസരിച്ച് തണ്ണിമത്തന് കിലോയ്ക്ക് വില മാറിക്കൊണ്ടിരിക്കുന്നു. കർണാടകയിൽ നിന്നുമാണ് തണ്ണിമത്തൻ കൂടുതലുമെത്തുന്നത്. കിരൺ എന്ന് പേരുള്ള ചെറിയയിനം തണ്ണിമത്തന് മധുരം കൂടുതലായതിനാൽ വിലയും സാധാരണ തണ്ണിമത്തനേക്കാൾ കൂടുതലാണ്. വെള്ളംകുടി ആവശ്യമായ ഈ സാഹചര്യത്തിൽ മറ്റ് പാനീയങ്ങളെക്കാൾ നല്ലതും ആരോഗ്യകരവും ഈ പ്രകൃതിദത്ത വിഭവങ്ങൾ തന്നെ. ഇവയ്ക്കൊപ്പം മോരും നറുനണ്ടി സർബത്തും വില്പനയ്ക്കുണ്ട്. ചൂടാണെന്നു കരുതി എന്തും കലക്കിക്കൊടുക്കാമെന്ന വിചാരവും വേണ്ട, നഗരസഭ ആരോഗ്യവിഭാഗം പരിശോധനകളുമായി വഴിവക്കിലെ ജ്യൂസ് കടകളിൽ കയറിയിറങ്ങുന്നുണ്ട്.പന നൊങ്കിന്റെ പൾപ്പ് നേരിട്ടോ അല്ലെങ്കിൽ അൽപം പഞ്ചസാരയും വെള്ളവും ചേർത്ത് മിക്സിയിലിട്ട് അടിച്ച് ജ്യൂസ് ആക്കിയും ഉപയോഗിക്കാം
+ There are no comments
Add yours