ഏഷ്യന്‍ പീജിയന്‍വിങ്ങ്‌സ് എന്നറിയപ്പെടുന്ന ശംഖുപുഷ്‍പം നമ്മുടെ നാട്ടില്‍ പൂന്തോട്ടത്തിലും വേലിക്കരികിലുമെല്ലാം പടര്‍ന്നു വളരുന്ന സസ്യമാണ്. അപരാജിത എന്ന പേരിലും ഈ സസ്യം അറിയപ്പെടുന്നു. പ്രവേശന കവാടങ്ങളില്‍ കമാനാകൃതിയില്‍ പടര്‍ത്തിയാല്‍ കടുംനീലനിറത്തിലുള്ള കുഞ്ഞുപൂക്കള്‍ വിടര്‍ന്ന് നില്‍ക്കുന്നത് മനോഹരമായ കാഴ്ച തന്നെയാണ്. ആയുര്‍വേദത്തില്‍ പലവിധ അസുഖങ്ങള്‍ക്കുള്ള ഔഷധമായി വേരും പൂവും ഉപയോഗപ്പെടുത്തുന്നുണ്ട്.മണ്ണിലെ റൈസോബിയ എന്ന ബാക്റ്റീരിയയുമായി ബന്ധം സ്ഥാപിക്കുന്ന ശംഖുപുഷ്പത്തിന്റെ വേരുകള്‍ വളരെയേറെ ഉപകാരിയായി വര്‍ത്തിക്കുന്നു. ഈ ബാക്റ്റീരിയ അന്തരീക്ഷത്തിലെ നൈട്രജനെ ചെടികള്‍ക്ക് ഉപയോഗിക്കാവുന്ന തരത്തിലേക്ക് മാറ്റാന്‍ പ്രധാന പങ്കു വഹിക്കുന്നു. അങ്ങനെ നൈട്രജന്‍ സമ്പുഷ്ടമായ കലകള്‍ മണ്ണിലേക്ക് അഴുകിച്ചേരുകയും ഗുണനിലവാരം വര്‍ധിപ്പിക്കുകയും ചെയ്യുന്നു.ശംഖുപുഷ്പത്തെ ക്ലിറ്റോറിയ ടെര്‍നാറ്റിയ എന്നാണ് ഇംഗ്ലീഷില്‍ പറയുന്നത്. സ്ത്രീകളുടെ ജനനേന്ദ്രിയത്തോട് സാമ്യമുള്ളതുകൊണ്ടാണ് ഈ പേര് വന്നതെന്നത് മറ്റൊരു കൗതുകം നിറഞ്ഞ വസ്‍തുതയാണ്. പൂക്കളുടെ നീളം മൂന്ന് സെ.മീറ്റര്‍ മുതല്‍ അഞ്ച് സെ.മീ വരെയും വീതി ഏകദേശം നാല് സെ.മീ വരെയുമാണ്. നടുവിലായി മങ്ങിയ മഞ്ഞനിറത്തിലോ പൂര്‍ണമായും വെള്ളനിറത്തിലോ കാണപ്പെടുന്നു. ഒറ്റപ്പൂവായും ചിലപ്പോള്‍ ജോഡികളായും പൂക്കളുണ്ടാകുന്നു.
നല്ല സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലങ്ങളില്‍ വളരാന്‍ ഇഷ്ടപ്പെടുന്ന ചെടിയാണിത്. വെള്ളം വളരെ കുറച്ചുമതി. വരള്‍ച്ചയെ പ്രതിരോധിക്കാന്‍ ശേഷിയുണ്ട്. പക്ഷേ കൃത്യമായി നനയ്ക്കുമ്പോഴാണ് ധാരാളം പൂക്കളുണ്ടായി ആരോഗ്യത്തോടെ വളരുന്നത്. അസുഖങ്ങളൊന്നും ബാധിക്കാത്ത ചെടിയാണ്. എന്നിരുന്നാലും ചിത്രശലഭങ്ങളുടെ ലാര്‍വകളും പുല്‍ച്ചാടികളും ചെടികളുടെ ഇലകള്‍ ഭക്ഷണമാക്കാതിരിക്കാന്‍ ശ്രദ്ധിക്കണംതണ്ടുകളും വിത്തുകളും മുളപ്പിച്ച് കൃഷി ചെയ്യാം. വിത്തുകള്‍ നാല് മണിക്കൂര്‍ രാത്രി സമയത്ത് വെള്ളത്തില്‍ കുതിര്‍ത്ത് വെച്ചാണ് വിതയ്ക്കുന്നത്. നാല് ഇഞ്ച് സ്ഥലത്ത് നേരിട്ട് വിത്ത് വിതയ്ക്കാം. രണ്ടാഴ്‍ചയ്ക്കുള്ളില്‍ വിത്ത് മുളക്കാറുണ്ട്. നാല് ആഴ്‍ചയാകുമ്പോള്‍ പൂക്കളുണ്ടാകാന്‍ തുടങ്ങും.
ശംഖുപുഷ്‍പം മണ്ണിനും മനുഷ്യനും ഉപകാരിയായ ഔഷധസസ്യം

+ There are no comments
Add yours